ആറ്റിങ്ങൽ :- കോൺഗ്രസ് ദുർബലമായാൽ തകരുന്നത് നമ്മുടെ രാജ്യമാണ്. വിവിധ മതത്തിൽ പ്പെട്ടവരെയും ഭാഷ സംസാരിക്കുന്നവരെയും ഒരുമിച്ചു നിർത്തുവാൻ കോൺഗ്രസ് എന്ന ശക്തിക്കുമാത്രമേ കഴിയൂ. കോൺഗ്രസ് ആണ് ഇന്ത്യയിൽ മാറ്റങ്ങൾ ഉണ്ടാക്കിയത്. എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കിയതും കോൺഗ്രസ് ആണ്. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ തകർക്കുന്നതിന് തുല്യമാണെന്നും കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ സൂചിപ്പിച്ചു. എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നടന്ന 301 ആണ്ടു തികഞ്ഞ ആറ്റിങ്ങൽ കലാപത്തിന്റെയും 84 ആണ്ടു തികഞ്ഞ ആറ്റിങ്ങൽ വെടിവെപ്പിന്റെയും വാർഷികാചാരണ സമ്മേളനം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1721 ൽ ആറ്റിങ്ങലിൽ ഇങ്ങനെ ഒരു കലാപം ഉണ്ടായി എന്നറിയുന്നത് സംഘാടകർ ക്ഷണിമ്പോൾ ആണ്. 301 വർഷങ്ങൾക്കു മുമ്പ് ആറ്റിങ്ങലിൽ ഉണ്ടായ ഈ സംഭവം ആറ്റിങ്ങൽ കാരുടെ ദേശ സ്നേഹത്തെയും പോരാട്ടവീര്യത്തെയും ആണ് കാണിക്കുന്നത്. രാജ്യം മുഴുവൻ അറിഞ്ഞിരിക്കേണ്ട ഈ സംഭവം ഒരു പരിധിവരെ ജനശ്രദ്ധയിൽ കൊണ്ടുവരുവാൻ ഫൗണ്ടഷന് കഴിഞ്ഞു എന്നുള്ളത് അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഫൗണ്ടഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഏറ്റവും മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശിയ അവാർഡ് ലഭിച്ച ഡോ. വി. സിന്ധ്യയ്ക്ക് കർമ്മ ശ്രേഷ്ഠ അവാർഡും , പാരമ്പര്യ വിഷ ചികിത്സാ മേഖലയിൽ നൂറ്റാണ്ട് കളുടെ പഴക്കമുള്ള ജബ്ബാർ സഞ്ജീവനി കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട നൗഷാദ് വൈദ്യർക്ക് കർമ്മസേവ അവാർഡും അടൂർ പ്രകാശ് എം. പി വിതരണം ചെയ്തു. ഡി. സി. സി പ്രസിഡന്റ് പാലോട് രവി തൊഴിലാളികൾക്കുള്ള വസ്ത്രങ്ങൾ വിതരണം ചെയ്തു. കെ. പി. സി. സി ജനറൽ സെക്രട്ടറി ജി. എസ് ബാബു പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായങ്ങളും നൽകുകയൂണ്ടായി. കെ. പി. സി. സി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മണക്കാട് സുരേഷ്, ആറ്റിപ്ര അനിൽ, ആറ്റിങ്ങൽ സുരേഷ്,കെ. എസ് ശ്രീരഞ്ചൻ,ആറ്റിങ്ങൽ സതീഷ്, മണനാക്കു ഷിഹാബുദീൻ, ഡി. രാജേന്ദ്രൻ, എസ്. ശ്രീരംഗൻ, കെ. കൃഷ്ണമൂർത്തി, ബിന്ദു ചന്ദ്രൻ, വക്കം സുധ, കടക്കാവൂർ അശോകൻ, കിരൺ കൊല്ലമ്പുഴ, ശാസ്തവട്ടം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഫൗണ്ടഷൻ സെക്രട്ടറി ജെ. ശശി സ്വാഗതവും അഡ്വക്കേറ്റ് ജയപാൽ കൃതഞജതയും പറഞ്ഞു. രാവിലെ 10 മണിക്ക് ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് ജംഗ്ഷനിലെ പബ്ലിക് സ്ക്വയറിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ ധീര ദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് നഗരസഭാ ചെയർപേഴ്സൺ എസ്. കുമാരി ദീപം തെളിച്ചു. ഫൗണ്ടഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാർ നേതൃത്വം നൽകി. തുടർന്നു നടന്ന സെമിനാറിൽ ചരിത്രകാരൻ ആറ്റിങ്ങൽ കെ. മോഹൻലാൽ ക്ലാസ്സ് എടുത്തു.
