ചിറയിൻകീഴ് : പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ പാതയിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴി അപകട ഭീഷണിയാകുന്നു. പെരുമാതുറ ജംഗ്ഷനിലാണ് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിന് കുറുകെ വെട്ടിപൊളിച്ചിരിക്കുന്നത്.ദിവസേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് വെട്ടിപൊളിച്ചിട്ട് ദിവസങ്ങളായിട്ടും റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇരുചക്രവാഹന യാത്രക്കാർക്കാണ് റോഡിലെ കുഴി അപകട ഭീഷണി ഉയർത്തുന്നത്. വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വലിയ ശബ്ദമാണ് ഉണ്ടാകുന്നത്.അപകടങ്ങൾക്ക് കാത്തുനിൽക്കാതെ ഈ പാതയിലെ അപകടകരമായ കുഴി അടച്ച് പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴി ഉടൻ അടക്കുമെന്നും കോൺക്രീറ്റ് ചെയ്യുന്നതിന് മഴയാണ് തടസ്സമെന്നും പഞ്ചായത്തംഗം അൻസിൽ അൻസാരി അറിയിച്ചു.
