മുതലപ്പൊഴിയിലും പോലീസ് ബന്ധവസ്സ്
വിഴിഞ്ഞം : ഇന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരമേഖലയിലാക്കെ പോലീസ് സുരക്ഷ ശക്തമാക്കി. അവധിയിലുള്ള പോലീസുകാരോട് ഡ്യൂട്ടിക്കെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരമേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി വിഴിഞ്ഞത്തിന് പുറമേ മുതലപ്പൊഴിയിലും പോലീസ് ബന്ധവസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം പോർട്ട് നിർമ്മാണത്തിനെത്തിച്ച നിർമ്മാണ സമഗ്രികൾ പോർട്ടിനുള്ളിൽ പ്രവേശിയ്ക്കുന്നത് തടഞ്ഞതുമായ് ബന്ധപ്പെട്ട് പ്രദേശവാസികളും സമരാനുകൂലികളുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്തിന് പുറമേ പെരുമാതുറ മുതലപ്പൊഴിയിലും പോലീസ് വീണ്ടും സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.
പോലീസ് നടപടിയുടെ ഭാഗമായി മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാർഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് ക്യാമ്പിൽ നിന്നുമെത്തിയ സ്പെഷ്യൽ സ്ട്രൈക്കേഴ്സ് ബറ്റാലിയനാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്
വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കുമെന്ന അറിയിപ്പ് ഉണ്ടായതോടെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയിരുന്നു. തുടർന്നാണ് പദ്ധതിയ്ക്കായ് ടോറസ് ലോറികളിൽ എത്തിച്ച നിർമ്മാണ സാമഗ്രികൾ പോർട്ടിന് അകത്തേയ്ക്ക് കടത്തിവിടാതെ സമര സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. ഇത് പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിതെളിയ്ക്കുകയായിരുന്നു.
