ആറ്റിങ്ങൽ: ആറ്റിങ്ങൽ പോളിടെക്നിക്കിലെ വിദ്യാർഥികളെ സ്വകാര്യ ബസ് കണ്ടക്ടർ എസ്ടി നൽകാതെ, പെരുമഴയത്ത് ഇറക്കി വിട്ട സംഭവത്തിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. എസ്എഫ്ഐ ആറ്റിങ്ങൽ പോളിടെക്നിക് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വലിയകുന്ന് ജങ്ഷനിൽ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആനന്ദ് സമരം ഉദ്ഘാടനം ചെയ്തു. പോളിടെക്നിക് യൂണിറ്റ് സെക്രട്ടറി അതുൽ, എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ ആദിത്യ ശങ്കർ, ആരോമൽ കല്ലിംഗൽ, അർജുൻ കല്ലിംഗൽ എന്നിവർ സംസാരിച്ചു. മേലിൽ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച വരാതെ എല്ലാ വിദ്യാർഥികൾക്കും കൃത്യമായി സ്റ്റുഡന്റ് ടിക്കറ്റ് നൽകാം എന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. അപമര്യാദയായി പെരുമാറിയ കണ്ടക്ടർ പരസ്യമായി വിദ്യാർഥിയോട് മാപ്പുപറഞ്ഞു. വിദ്യാർഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ബസുകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അറിയിച്ചു.
