കഴക്കൂട്ടം: പട്ടികവർഗ വികസന വകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർഥികളുടെ സംസ്ഥാന കായികമേള ‘കളിക്കളം-2022 നു കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ തുടക്കമായി.മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരുവനന്തപുരം വേദിയാകുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർഥികളുടെ മാർച്ചു പാസ്റ്റും മുൻ കളിക്കളം ജേതാക്കൾ അണിനിരന്ന ദീപശിഖാ പ്രയാണവും നടന്നു. കളിക്കളം-2022ന്റെ ഭാഗ്യ ചിഹ്നമായ വിക്ടറിന്റെ സാന്നിധ്യത്തിൽ മന്ത്രി കായിക മേളയ്ക്ക് കൊടിയുയർത്തി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ. വി. ധനേഷ് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൗൺസിലർ എം. ബിനു. അധ്യക്ഷത വഹിച്ചു. പട്ടികവർഗ വികസന ഡയറക്ടർ അർജുൻ പാണ്ഡ്യൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കായിക യുവജനക്ഷേമ ഡയറക്ടർ പ്രേം കൃഷ്ണൻ, എൽഎൻസിപി പ്രിൻസിപ്പൽ ജി. കിഷോർ, പട്ടികവർഗ വികസന ജോയിന്റ് ഡയറക്ടർ വാണിദാസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫ്ലാഷ് മോബ് നടന്നു. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും, 115 പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ അണിനിരക്കുന്ന കായിക മേള നവംബർ 10 വരെയാണ്. 74 ഇനങ്ങളിലാണ് മത്സരങ്ങൾ.
