തിരുവനന്തപുരം: ഇന്ധന വിൽപനയിൽ ക്രമക്കേടു നടത്താൻ സൗകര്യം ഒരുക്കുന്നതിനു പെട്രോൾ പമ്പ് ഉടമയിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ ബി.എസ്.അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച അറസ്റ്റിലായ അജിത് കുമാർ ഇപ്പോൾ റിമാൻഡിലാണ്. ആക്കുളത്തെ നാഗരാജ് ആൻഡ് സൺസ് ഫ്യൂവൽ സ്റ്റേഷൻ ഉടമയായ എൻ.സ്വരൂപ് രാജ്കുമാറിന്റെ പരാതിയിലാണ് അജിത് കുമാറിനെ വിജിലൻസ് കുടുക്കിയത്.പമ്പിലെ 6 നോസിലുകളും പരിശോധിച്ച് സീൽ ചെയ്യുന്നതിനു സ്വരൂപ് പട്ടത്തെ ലീഗൽ മെട്രോളജി ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പമ്പിൽ വന്ന് നോസിൽ പരിശോധിക്കുമ്പോൾ കൈക്കൂലി വേണമെന്നു സ്വരൂപിനോട് അജിത് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം സ്വരൂപ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് കുമാറിനെ അറിയിച്ചു. ചൊവ്വാഴ്ച 3ന് അജിത്ത് പരിശോധനയ്ക്ക് എത്തിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. നോസിലുകൾ സീൽ ചെയ്തശേഷം അജിത്ത് സ്വരൂപിനോട് 12,000 രൂപ കൈകൂലിയായി ആവശ്യപ്പെട്ടു. സ്വരൂപ് 8,000 രൂപ കൈമാറി. അതു കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് ഉദ്യോഗസ്ഥർ അജിത്തിനെ പിടികൂടിയത്.
