തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ ദിവ്യബലിയോടെ സമാപിച്ചു. ദേവാലയത്തിന് മുൻവശം പ്രത്യേകം അലങ്കരിച്ച വേദിയിൽ നടന്ന ദിവ്യബലിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികത്വം വഹിച്ചു.‘യേശുക്രിസ്തു രാജാക്കന്മാരുടെ രാജാവാണെന്ന് കൂടുതൽ വിശ്വാസികൾ അംഗീകരിക്കുകയും യേശുവിന്റെ വചനങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കാൻ തയാറാകുകയും ചെയ്യുന്ന കാലഘട്ടമാണിതെ’ന്ന് ആർച്ച് ബിഷപ് പറഞ്ഞു.‘മനുഷ്യ നന്മയ്ക്കായി സ്വയം ജീവിതം ഹോമിച്ച ക്രിസ്തുനാഥന്റെ സഹനവും ജീവിത ദർശനങ്ങളും അനുകരിക്കുവാൻ ക്രിസ്തുരാജത്വ തിരുനാൾ ആചരണം നമുക്ക് മാർഗ നിർദേശമാകട്ടെ. 2022 പരിസ്ഥിതി വർഷമായി ആചരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത് മണ്ണ് നശിപ്പിക്കുന്ന രാഷ്ട്രം സ്വയം നശിപ്പിക്കുന്നു. വനങ്ങൾ നമ്മുടെ ദേശത്തിന്റെ ശ്വാസകോശമാണ്. വായു ശുദ്ധീകരിക്കുകയും ജനങ്ങൾക്ക് പുതിയ ശക്തി പകരുകയും ചെയ്യുന്നു ’ അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കൽ ദിവ്യബലിക്കു ശേഷം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ആർച്ച് ബിഷപ് നേതൃത്വം നൽകി.
