തിരുവനന്തപുരം : ഇന്ന് മന്ത്രി ജി.ആർ.അനിലിന്റേയും കളക്ടറുടെയും സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ച സമാധാന ശ്രമങ്ങളെ പരാജയപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. അദാനിയുടെ കേസ് കോടതിയിൽ വരുന്ന തലേ ദിവസംആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും ക്രിമിനൽ കേസിൽ പ്രതിയാക്കിയത് തികച്ചും അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി പറഞ്ഞു. പ്രകോപനമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാതെ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഒന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സമരം തീർക്കാൻ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സമരസമിതിയുമായി ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം പാക്കേജിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന വൈമുഖ്യമാണ് നിലവിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം. തൊഴിലാളികൾക്കുള്ള വിഴിഞ്ഞം പാക്കേജിനും തുറമുഖ നിർമ്മാണത്തിനും തുല്യ പ്രാധാന്യം നൽകുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
