വെള്ളറട: പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച പ്രതി വെള്ളറട പൊലീസിന്റെ പിടിയിലായി. വെള്ളറട കാരമൂട് സ്വദേശി പ്രശാന്ത് രാജ് (32) ആണ് പിടിയിലായത്. തമിഴ്നാട് തേനി കടമലക്കുണ്ട് പൊലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയാണിയാൾ.സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന് രഹസ്യവിവരം ലഭിച്ച പൊലീസ് ഇവിടെ പരിശോധനക്ക് വന്നു. ഇതിനിടെ പൊലീസിനെ വാഹനമിടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒന്നര കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്.പ്രശാന്ത് രാജിനെ അന്വേഷിച്ച് തമിഴ്നാട് പൊലീസ് പലതവണ കേരളത്തില്‍ വന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും പല കേസുകളില്‍ പ്രതിയാണ്. പ്രശാന്തിനെ തമിഴ്നാട് പൊലീസിന് കൈമാറി. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാര്‍, എസ്.ഐ ആന്റണി ജോസഫ് നെറ്റോ, എ.എസ്.ഐ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജിന്‍, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
