കാട്ടാക്കട: നിയന്ത്രണം വിട്ട് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. മറിഞ്ഞ ഓട്ടോറിക്ഷയിൽ ഇടിച്ച് റോഡിലേക്ക് വീണ് ബൈക്ക് യാത്രികർക്കും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ബാങ്ക് മാനേജർക്കും പരുക്കേറ്റു. കാട്ടാക്കട ഗ്രാമീൺ ബാങ്ക് ശാഖ മാനേജർ ശ്രീദേവി ബൈക്ക് യാത്രികരായ ആമച്ചൽ സ്വദേശി പ്രസന്നൻ(60), കുച്ചപുറം നാഞ്ചല്ലൂർ സ്വദേശി ബിനു(52) എന്നിവർക്കാണ് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് പ്ലാവൂർ സ്കൂളിനു സമീപമാണ് അപകടം. വായ്പ നൽകുന്നതിനു സ്ഥല പരിശോധനയ്ക്ക് മണ്ഡപത്തിൻകടവിലേയ്ക്ക് ഓട്ടോറിക്ഷ യിൽ പോകുകയായിരുന്നു മാനേജർ ശ്രീദേവി. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണു മറിഞ്ഞത്. ബൈക്ക് യാത്രികർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ശ്രീദേവി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
