ആര്യനാട്: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് അടുക്കളയ്ക്ക് നാശം സംഭവിച്ചു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ.രതീഷി ന്റെ വീട്ടിൽ രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഗൃഹോപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു.രതീഷിന്റെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെ പെട്ടെന്ന് ശബ്ദം കേട്ടതോടെ മാതാവ് അംബിയെയും കൂട്ടി വീടിനു പുറത്തെത്തി രക്ഷപ്പെടുകയായിരുന്നു.തൊട്ടു പിന്നാലെ ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റർ തീ പിടിച്ച് ഉൗരി തെറിച്ചു. ഫ്രിഡ്ജ്, മിക്സി, ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, സ്വിച്ച് ബോർഡ് എന്നിവയിലേക്കും തീ പടർന്നു . സമീപവാസികൾ വെള്ളം ഉപയോഗിച്ച് തീ കെടുത്തി. ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി. പിന്നാലെ നെടുമങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തി. 4 ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായി രതീഷ് പറഞ്ഞു.
