നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ ചെറിയകൊണ്ണിയിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. രാവിലെ 10.30 നാണ് സംഭവം. അലമാരയിൽ സൂക്ഷിച്ചിരുന്ന 32 പവനും 8.5 ലക്ഷം രൂപയും കവർന്നു. ചെറിയകൊണ്ണി ഉത്രാടത്തിൽ ജയ് ഹിന്ദ് ടിവിയിലെ ടെക്നിക്കൽ വിഭാഗം ജീവനക്കാരൻമുരുകനും, ഗവ. ഉദ്യോഗസ്ഥയായ ഭാര്യ രാജിയും വീട് പൂട്ടി ജോലിക്ക് പോയതിനു പിന്നാലെയാണ് മുൻവാതിൽ കുത്തിത്തുറന്ന് കവർച്ച നടന്നത്. വസ്തു വിറ്റു കിട്ടിയ പണമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 11 മണിയോടെ 2 പേർ വീടിന്റെ മതിൽ ചാടി പോവുന്നതു കണ്ട അയൽവാസിയായ സ്ത്രീ പഞ്ചായത്തംഗം മധുസൂദനനെ വിവരം അറിയിച്ചു. തുടർന്ന് അരുവിക്കര സിഐ എസ്.ഷിബുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും, വിരൽ അടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറും വീട് സന്ദർശിച്ചു.
