നെയ്യാറ്റിൻകര: ദേശീയ പാതയിൽ നെയ്യാറ്റിൻകരയ്ക്ക് സമീപം മൂന്നുകല്ലിൻമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പോളിടെക്നിക് വിദ്യാർത്ഥിയടക്കം 2 യുവാക്കൾ മരണമടഞ്ഞു.
അതിയന്നൂർ ചെറിയകോണത്ത് വിഷ്ണുഭവനിൽ വിഷ്ണു (24),
വടകോട് പുന്നക്കാട് മഠത്തുവിള വീട്ടിൽ ഗോകുൽ കൃഷ്ണ (അമ്പാടി-23) എന്നിവരാണ് മരണമടഞ്ഞത്.
മൂന്നുകല്ലിൻമൂട് പെട്രോൾ പമ്പിന് സമീപത്ത് ഇന്നലെ പുലർച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു അപകടം. വട്ടിയൂർക്കാവ് പോളിടെക്നിക്കിലെ വിദ്യാർഥിയായ ഗോകുലും സുഹൃത്തായ വിഷ്ണുവും ബൈക്കിൽ വട്ടിയൂർക്കാവിൽ നിന്നും വീട്ടിലേയ്ക്ക് വരികയായിരുന്നു. പോളിയിലെ കലോത്സവം കഴിഞ്ഞ് വൈകിയതോടെ ഗോകുലിനെ കൂട്ടാൻ വിഷ്ണു പോവുകയായിരുന്നു. ചായ്ക്കോട്ടുകോണം
അനിൽഭവനിൽ അനിൽകുമാർ ഓടിച്ച മാരുതി ആൾട്ടോ കാറുമായാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ചായ്ക്കോട്ടുകോണം ഓണംകോട് വിത്തുകൊള്ളി തലയ്ക്കലിൽ
സഞ്ചീവ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്, ഒപ്പമുണ്ടായിരുന്ന മൂന്നു കുട്ടികൾക്കും പരിക്ക് പറ്റി, ഇവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിലെത്തുന്ന സഞ്ചീവിൻ്റെ സഹോദരൻ ആൽബിൻ കുമാറിനെ കൂട്ടാൻ പോയതായിരുന്നു സംഘം.
പമ്പിലേയ്ക്ക് തിരിഞ്ഞ കാറും എതിർ ദിശയിലെത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ഗോകുലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ശിവകുമാറിൻ്റെയും, വിജിതകുമാരിയുടെയും മകനാണ് ഗോകുൽ കൃഷ്ണ, ആവണിയാണ് സഹോദരി.
പരേതനായ സുരേന്ദ്രൻ്റെയും സുധയുടെയും ഏകമകനാണ് വിഷ്ണു.
