നേമം: വ്യക്തിവൈരാഗ്യത്താൽ സി.പി.എം പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കരമന തളിയൽ സ്വദേശികളായ രാഹുൽ (24), റോബിൻ (25) എന്നിവരാണ് അറസ്റ്റിലായത്. കരമന സ്വദേശി ബാബുക്കുട്ടനാണ് ആക്രമണത്തിന് ഇരയായത്. തളിയൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇന്ദിര ഗാന്ധി പ്രതിമയുടെ സമീപത്ത് ബാബുക്കുട്ടനെ പ്രതികൾ കാണുകയും ഇവിടെവെച്ച് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.മുമ്പ് ഇവർ തമ്മിൽ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ ബാബുക്കുട്ടൻ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഫോർട്ട് എ.സി ഷാജിയുടെ നിർദേശ പ്രകാരം കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ സന്തു, രാധാകൃഷ്ണൻ, കിഷോർ, സി.പി.ഒമാരായ സജീവ്, സാജൻ, പ്രദീപ്, സഞ്ജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
