മുടപുരം: ഇന്നലെ നടന്ന മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഗരുഢൻതൂക്ക വഴിപാട് ദർശിക്കാൻ ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന വഴിപാടാണ് ഗരുഢൻതൂക്കം. 350 ദേവി ഭക്തർ വില്ലിൽ തൂങ്ങി ദേവിക്ക് സ്വയം സമർപ്പിച്ചു. ദേവിയുടെ ഇഷ്ട്ട വഴിപാടായ തൂക്കം വഴിപാടിനായി തൂക്ക വ്രതക്കാർ മൂന്ന് ദിവസം ക്ഷേത്രത്തിൽ വ്രതം നിന്ന് ഏഴ് നേരം നട കണ്ട്, ദേവീയെ വണങ്ങിയ ശേഷം കഴിഞ്ഞ ദിവസം രാവിലെ ചമയങ്ങൾ തൂക്കക്കാർ പൂർത്തിയാക്കിയതോടെ രാവിലെ 9 ന് എഴുന്നള്ളത് ഘോഷയാത്ര ആരംഭിച്ചു. താലപ്പൊലി, വിവിധ മേള വാദ്യങ്ങൾ, തിടമ്പേറ്റിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ വിവിധ കരകളിലേക്ക് പുറത്തെഴുന്നെള്ളിയ ദേവിയുടെ ഘോഷയാത്ര ഉച്ചയ്ക്ക് ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് അലങ്കരിച്ച രണ്ട് വില്ലുകളിൽ തൂങ്ങി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് തൂക്ക വ്രതക്കാർ ദേവീക്ക് സ്വയം സമർപ്പിച്ചു. രാത്രി നടന്ന കലാപരിപാടികളും ചമയവിളക്കിനും ശേഷം തൃക്കൊടിയിറക്കിയതോടെ കുംഭ ഭരണി മഹോത്സവം സമാപിച്ചു.
