തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണരംഗം പുനരാവിഷ്കരിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. നയനയെ മരിച്ച നിലയിൽ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫൊറൻസിക് സംഘത്തെയും ഉൾപ്പെടുത്തി മരണരംഗം അതേ മുറിയിൽ പുനരാവിഷ്കരിക്കും. നയനയുടെ മുറിയുടെ കതക് അകത്തു നിന്നു കുറ്റിയിട്ടിരുന്നോയെന്നു ഉറപ്പിക്കുകയാണു ലക്ഷ്യം. കുറ്റിയിട്ടിരുന്ന മുറി ബലം പ്രയോഗിച്ചു തുറന്നുവെന്നാണു സാക്ഷികളിൽ ഭൂരിഭാഗത്തിന്റെയും മൊഴി.പുനരാവിഷ്കാരത്തിലും ഇതു തെളിഞ്ഞാൽ ആത്മഹത്യയെന്ന സാധ്യതയ്ക്കു ബലമേറും. അല്ലെങ്കിൽ കൊലപാതകമാണെന്നു വിലയിരുത്തലിലേക്കു ക്രൈംബ്രാഞ്ച് സംഘം എത്തും. ശരീരത്തിലെ മുറിവുകളെ കുറിച്ചു പോസ്റ്റ്മോർട്ടം ചെയ്ത ഡോ.കെ.ശശികലയെ കണ്ടു വീണ്ടും ചോദിച്ചു വ്യക്തത വരുത്തും. അതിനു ശേഷം മെഡിക്കൽ ബോർഡും തെളിവുകൾ വിലയിരുത്തുന്നതോടെ മരണകാരണത്തിൽ അന്തിമ നിഗമനത്തിൽ എത്താനാകുമെന്നാണു ക്രെംബ്രാഞ്ച് സംഘത്തിന്റെ പ്രതീക്ഷ.
