തിരുവനന്തപുരം: ട്രെയിനുകളിലും പ്രധാന സ്റ്റേഷനുകളിലും യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നയാൾ പിടിയിൽ. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ ഗോപിനാഥൻ നായരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്.ഫെബ്രുവരി രണ്ടിന് രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ – തിരുവനന്തപുരം എക്സ്പ്രസിൽനിന്ന് രണ്ടുലക്ഷം രൂപയുടെ മൂല്യമുള്ള സാധനങ്ങൾ മോഷണം പോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മോഷണ സാധനങ്ങൾ മറിച്ചുവിറ്റ് ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതി. സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എറണാകുളം റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാം, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ അനീഷ് ടി.ആർ, സബ് ഇൻസ്പെക്ടർ ബിജുകുമാർ, ഇന്റലിജൻസ് സബ് ഇൻസ്പെക്ടർമാരായ ജയകുമാർ, ഫിലിപ്സ് ജോൺ, നളിനാക്ഷൻ, എം.ടി. ജോസ്, സി.പി.ഒമാരായ പ്രമോദ്, സുരേഷ്, അബ്ദുൽ സലാം എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
