വിതുര: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലെ ചെറ്റച്ചൽ ജഴ്സി ഫാമിൽ പശുക്കുട്ടി പേവിഷ ബാധയേറ്റു ചത്തതായി വിവരം. മൂന്നാഴ്ച മുൻപുണ്ടായ സംഭവം പുറത്തറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ച് അധികൃതർ. അമ്മപ്പശുവുമായും മറ്റു പശുക്കളുമായും തൊഴിലാളികളുമായും നിരന്തരസമ്പർക്കമുണ്ടായിരുന്നു പശുക്കുട്ടിക്ക്.
തൊഴിലാളികൾ പേവിഷ ബാധയ്ക്കെതിരായ വാക്സീൻ എടുത്തിട്ടും മൃഗ സംരക്ഷണ വകുപ്പിനെയോ ജില്ലാ പഞ്ചായത്തിനെയോ അധികൃതർ വിവരം അറിയിക്കാതെ ഫാമിന്റെ പ്രവർത്തനം തുടർന്നു. പശുവിനെയും കുട്ടിയേയും കടിച്ച പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. കടിയേറ്റ പശുക്കുട്ടി ദിവസങ്ങൾക്കകം ചത്തു.
പോസ്റ്റു മോർട്ടവും നടത്തിയില്ല. പശുവിനെ മറ്റുള്ള കാലികൾക്കൊപ്പം ഷെഡിൽ തന്നെ കെട്ടുകയും ചെയ്തു. പശുക്കളെ പരിചരിച്ച സ്ത്രീകൾ ഉൾപ്പെടെ നൂറിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാം ആണു ചെറ്റച്ചലിലേത്. നഗരത്തിൽ പോലും വിപണനം ചെയ്യുന്ന ഗ്രീൻ മിൽക്ക് ഉൽപാദിപ്പിക്കുന്നതും ഇവിടെ നിന്നാണ്.
പേവിഷ ബാധയേറ്റ അമ്മപ്പശുവിനെ മറ്റുള്ളവയുടെ സമീപത്തു നിന്നു മാറ്റി ഷെഡിന്റെ ഒരു മൂലയ്ക്കു കെട്ടി ക്വാറന്റീൻ ചെയ്തതായി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സിന്ധു ബാലൻ പറഞ്ഞു. വിഷയം ഡിവിഷൻ അംഗം എന്ന നിലയിൽ തന്നെ അറിയിച്ചിട്ടില്ലെന്നും അതീവ ഗൗരവമുള്ള വിഷയം തീർത്തും ലാഘവത്തോടെ ആണു കൈകാര്യം ചെയ്തതെന്നും ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് പറഞ്ഞു.
