തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തിക്കൊണ്ടു വന്നു വിൽപന നടത്തുന്ന സംഘത്തിലെ മൂന്നു പേർ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. നെടുമങ്ങാട് മാണിക്കൽ ഒഴുകുപ്പാറ ഷാജി മൻസിലിൽ മുഹമ്മദ് സഫൽ (23), പനവൂർ അജയപുരം നികുജ്ഞം വീട്ടിൽ സൂരജ് എസ്.നായർ , കണ്ണൂർ തളിപ്പറമ്പ് കയരളം നണിയൂർ മുല്ലക്കൊടി പറശ്ശിനി റോഡിൽ സാൽവ മൻസിലിൽ മുഹമ്മദ് സിജ എന്നിവരാണ് അറസ്റ്റിലായത്.2022 ഡിസംബറിൽ അമരവിള ഭാഗത്ത് സ്വകാര്യ ബസ് പരിശോധിക്കുമ്പോൾ 75 ഗ്രാം എംഡിഎംഎയുമായി ഷാൻ എന്നയാൾ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് ലഹരി മരുന്ന് കൈമാറുന്നവരെയും പണം നൽകുന്നവരെയും കുറിച്ച് വിവരം ലഭിച്ചത്. ആ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്.വിദ്യാർഥി വിസയിൽ ബെംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശികളിൽ നിന്നാണ് ഇവർ ലഹരി മരുന്ന് വാങ്ങുന്നത്. ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എ.പ്രതീപ് റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
