പോത്തൻകോട്: വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ വട്ടപ്പാറ പന്തലക്കോട് ജോളി ഭവനിൽ എം. ജോയ് ( 36 ), വാഴോട്ട് പൊയ്ക വീട്ടിൽ കെ. പ്രസാദ് ( 38 ), ജെഎസ് ഭവനിൽ ജെ.സുജി ജോൺ ( 36 ) വേറ്റിനാട് വിശ്വാസ് ഭവനിൽ ബി. ഉദയസൂര്യൻ ( 38 ) എന്നിവരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം . അനധികൃത മണ്ണു കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിൽ. രാത്രി 11 ന് കുറ്റിയാണി ശിശിരം വീട്ടിൽ മോഹനനെ വീട്ടിൽ കയറി മർദിക്കുകയും കുറ്റിയാണി മുംതാംസ് മൻസിലിൽ എ. ഷജീറിനെ പോത്തൻകോട് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ ഇടുക്കി കട്ടപ്പനയിലെ എസ്റ്റേറ്റിൽ നിന്നും പിടികൂടുകയായിരുന്നു. കൊലപാതകം ഉൾപ്പെടെ ഒന്നാം പ്രതി ജോയിയുടെ പേരിൽ 12 കേസുകളുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത് , പോത്തൻകോട് സിഐ ഡി. മിഥുൻ, എസ്ഐ ശ്രീലാൽചന്ദ്രശേഖരൻ, ഷാഡോ പൊലീസുകാരായ ഷിബുകുമാർ, സതികുമാർ, ഉമേഷ് ബാബു, സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
