ചിറയിൻകീഴ്: കേന്ദ്ര റെയിൽവേ ബോർഡിന്റെ അമൃത് ഭാരത് പദ്ധതിയിൽപെടുത്തി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ 12കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്നു റയിൽവേ പാസഞ്ചേഴ്സ് അംനിസ്റ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിട്ടുവരുന്ന ദുരിതങ്ങളും പരിതാപകരമായ അവസ്ഥകളും ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയടക്കം വിവിധ സംഘടനകൾ നൽകിയ പരാതികളെത്തുടർന്നു കഴിഞ്ഞ ദിവസം സ്റ്റേഷൻ സന്ദർശനത്തിയപ്പോഴാണു രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന വികസനപദ്ധതികളെക്കുറിച്ചു സ്ഥലത്തെ ജനപ്രതിനിധികൾ, സന്നദ്ധസംഘടന–രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരോടു അറിയിച്ചത്.അരമണിക്കൂറിലേറെ നീണ്ട സന്ദർശനത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ നടന്നുകാണുകയും വർഷങ്ങളായി പൂട്ടിയിട്ടിരുന്ന യാത്രക്കാർക്കായുള്ള വിശ്രമമുറികൾ തുറന്നുനൽകാൻ ബന്ധപ്പെട്ടവരോടു നിർദേശം നൽകുകയും ചെയ്തു. ഏറ്റവും കൂടുതൽ യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ വികസനമാണു അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നു പി.കെ.കൃഷ്ണദാസ് അറിയിച്ചു.ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ആദ്യഘട്ടം 2023 ഡിസംബറിലും രണ്ടാം ഘട്ടം 2024 പകുതിയോടെയും പൂർത്തീകരിക്കും. പദ്ധതിയുടെ ഡിപിആർ ഈ മാസം അവസാനത്തോടെ പൂർത്തീകരിച്ചു ടെൻഡർ നടപടികളിലേക്കു കടക്കും. പദ്ധതിയിൽ പെടുത്തി ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ പൂർണമായി മേൽക്കൂര നിർമിക്കും. ശുചിമുറി, വിശ്രമകേന്ദ്രം എന്നിവ നവീകരിക്കും,പ്ലാറ്റ്ഫോമുകളിൽ യാത്രക്കാർക്കിരിക്കാൻ സൗകര്യമൊരുക്കി ഇരിപ്പിടങ്ങൾ, ഫാൻ, ലൈറ്റുകൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തും.റിസർവേഷൻ–ടിക്കറ്റ് കൗണ്ടറുകൾ നവീകരിക്കും. വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു കൂടുതൽ പാർക്കിംങ് സ്ലോട്ടുകൾ സ്ഥാപിക്കും. സ്റ്റേഷൻ ഭിന്നശേഷി സൗഹൃദ സ്റ്റേഷനാക്കി മാറ്റുമെന്നും പി.കെ.കൃഷ്ണദാസ് അറിയിച്ചു. തുടർന്നു ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ അഭ്യർഥന മാനിച്ചു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽനടന്ന ജനപ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ബിജെപി പ്രതിനിധി ഹരി ജി.ശാർക്കര, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി സത്യദാസ് എന്നിവരടക്കമുള്ളവർ പി.കെ.കൃഷ്ണദാസിനെ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ സ്വീകരിച്ചു.
