തിരുവനന്തപുരം: ‘വൃക്ക, കരൾ വിൽപനയ്ക്ക്’– തിരുവനന്തപുരം മണക്കാട് വീടിനു മുകളിൽ സ്ഥാപിച്ച ഈ ബോർഡിന്റെ ചിത്രം ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആന്തരികാവയവങ്ങൾ വിൽക്കുന്നതു കുറ്റകരമായതിനാൽ ബോർഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോർഡിലെ നമ്പറിലേക്കു വിളിച്ചപ്പോൾ സംഗതി സത്യമാണെന്നു മനസ്സിലായി.വരുമാനം നിലച്ചതിനാൽ കുടുംബം പോറ്റാനും കടബാധ്യത തീർക്കാനും പണത്തിനായാണു ബോർഡ് വച്ചതെന്നു വീട്ടിലെ താമസക്കാർ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോർഡ് വച്ചത്. താമസിക്കുന്ന വീടിന്റെ ഉടമയ്ക്കു കൊടുക്കാൻ പണമില്ല. അഡ്വാൻസ് തുകയായി 25000 രൂപയാണു നൽകേണ്ടത്. പലരിൽനിന്നു കടം വാങ്ങിയ 8000 രൂപ കൊടുക്കാനുണ്ട്. ഭർത്താവിനു മുറുക്കാൻ കടയുണ്ടായിരുന്നു. ഇതിൽ ബന്ധു അവകാശമുന്നയിച്ചതോടെ ഇയാൾ കടയിൽനിന്നു പുറത്തായി.അടുത്തിടെ പഴക്കടയിൽ ജോലി ചെയ്തിരുന്നെങ്കിലും തണ്ണിമത്തന്റെ ചാക്കു വീണു പരുക്കേറ്റതോടെ ജോലിക്കു പോകാൻ കഴിയാതായി. ഭാര്യ ട്യൂഷനെടുത്തിരുന്നെങ്കിലും ഇപ്പോൾ വിദ്യാർഥികളാരും വരുന്നില്ല. നിവൃത്തികേടുകൊണ്ടാണു ബോർഡ് വച്ചതെന്ന് ഇവർ പറയുന്നു. ബോർഡ് എടുത്തുമാറ്റാൻ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോർഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു.
