പോത്തൻകോട്: അപ്രതീക്ഷിതമായി റോഡു കടക്കാൻ ശ്രമിച്ചയാളുടെ ദേഹത്ത് സ്കൂട്ടർ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ പിന്നാലെ വന്ന കാറിനടിയിൽപെട്ടു മരിച്ചു. അടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെയും വലിച്ചുകൊണ്ട് കാർ നൂറു മീറ്ററോളം ഓടി. പുലർച്ചെ 2 മണിക്കായിരുന്നു അപകടം. അഴൂർ പെരുംകുഴി കുഴിയം ഹൈസ്കൂളിനു സമീപം കുഴിയത്തുവിളവീട്ടിൽ പരേതനായ സോമരാജന്റെയും വസന്തയുടെയും മകൻ എസ്. അനിലാൽ ( 44 ) ആണു മരിച്ചത്.സ്കൂട്ടർ തട്ടിയിട്ട എറണാകുളം വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി യദുരാജിന് (26) നിസ്സാര പരുക്കുകളുണ്ട്. യദുരാജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാത 66 ൽ കണിയാപുരം ആലുംമൂടിനും വെട്ടുറോഡിനുമിടയിൽ ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം നാളികേര വിൽപന കേന്ദ്രത്തിലെ ജീവനക്കാരനായ അനിലാൽ ജോലിക്കു പോവുകയായിരുന്നു. ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ യദുരാജ് താമസ സ്ഥലത്തേക്കു വരികയായിരുന്നു. ഒമാനിൽ നഴ്സായി ജോലിനോക്കുന്ന അനിലാലിന്റെ ഭാര്യ നിഷ രമേഷ് സ്ഥലത്ത് എത്തിയ ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
