വർക്കല: വിൽപനയ്ക്കെത്തിച്ച എട്ടര കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിലായി. മംഗലപുരം മോഹനപുരം വെള്ളൂർ അലിയാർ മൻസിലിൽ നിഹാസ്(33), പാലക്കാട് ചന്ദ്രനഗർ കരിങ്ങരപള്ളി കാരക്കാട് വീട്ടിൽ വിഘ്നേഷ്(24) എന്നിവരാണ് പിടിയിലായത്. ട്രെയിനിൽ ചെന്നൈയിൽ നിന്നു വർക്കലയിൽ എത്തവേയാണ് ഇവർ പിടിയിലായത്. വർക്കല പൊലീസ് സഹായത്തോടെ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്.പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 5 ലക്ഷം വിലവരുമെന്നാണ് കണക്കാക്കുന്നത്. നർകോട്ടിക് സെൽ ഡിവൈഎസ്പി റാസിതിന്റെ നിർദേശപ്രകാരം ഡാൻസഫ് എസ്ഐമാരായ ഫിറോസ് ഖാൻ, എ.എച്ച്.ബിജു, എഎസ്ഐമാരായ ബിജുകുമാർ, വി.ദിലീപ്, സീനിയർ സിപിഒമാരായ എസ്.അനൂപ്, പി.വിനീഷ്, സിപിഒ സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പല കേസുകളിലും ഇരുവരും നേരത്തെ പ്രതികളായിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
