ചിറയിൻകീഴ്: ആരോഗ്യനില വഷളായതിനെത്തുടർന്നു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടുപോകവേ ആംബുലൻസിൽ യുവതി കുഞ്ഞിനു ജന്മം നൽകി. ഇവർക്കുള്ള എല്ലാ സൗകര്യവുമൊരുക്കി ആംബുലൻസ് ജീവനക്കാർ മാതൃകയായി.ഇന്നലെ രാവിലെ ഏഴര മണിയോടെയാണു കനിവ് 108 ആംബുലൻസ് പ്രസവമുറിയാക്കി കഠിനംകുളം ചാന്നാങ്കര അണക്കപിള്ള സ്വദേശിനി പെൺകുഞ്ഞിനു ജന്മം നൽകിയത്.വ്യാഴം രാത്രിയോടെയാണു പ്രസവവേദനയെത്തുടർന്നു യുവതിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ പുലർച്ചെ അസ്വസ്ഥതകൾ കലശലായതിനെത്തുടർന്നു എസ്എടിയിലേക്കു അടിയന്തരമായി റഫർ ചെയ്യുകയായിരുന്നു. തുടർന്ന് അത്യാഹിതവിഭാഗം മെഡിക്കൽ ടെക്നിഷ്യൻ യു.പി.വിഷ്ണുവും ആംബുലൻസ് പൈലറ്റ് ജി.വിഷ്ണുവും യുവതിയെ കയറ്റിയ വാഹനവുമായി തിരുവനന്തപുരത്തേക്കു കുതിച്ചു,.കണിയാപുരത്തെത്തുന്നതിനിടെ പ്രസവവേദന കൂടിയതോടെ ആംബുലൻസ് പാതയോരത്തു നിർത്തി വിഷ്ണുവിന്റെ പരിചരണത്തിൽ വാഹനത്തിൽ തന്നെ പ്രസവിക്കാൻ സൗകര്യമൊരുക്കി. എസ്എടിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുഖമായി രിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
