കുഴിത്തുറ: മേൽപ്പുറം വട്ടവിള തോട്ടത്ത് മഠം നവനീത കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മറാത്ത ചക്രവർത്തി ശിവാജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപ്പുറം സ്വദേശി എഡ്വിൻ, ഞാറാൻവിള സ്വദേശി പ്രതീഷ് എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഒമ്പതടി ഉയരമുള്ള പ്രതിമ തകർത്തത്.വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം ജില്ല പൊലീസ് മേധാവി രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ ചുമതല ഏൽപ്പിച്ചു. തുടർന്നാണ് ചൊവ്വാഴ്ച പ്രതികളെ പിടികൂടിയത്. മാർത്താണ്ഡം പൊലീസ് കേസെടുത്തു. സംഭവദിവസം പത്തംഗ സംഘം ക്ഷേത്രപരിസരത്ത് രാത്രി തർക്കത്തിലേർപ്പെട്ടിരുന്നു. അതിനുശേഷമാണ് പ്രതിമ തകർത്തതെന്നാണ് പ്രാഥമിക നിഗമനം.
