ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ വിഷു വിപണനമേള ആരംഭിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ കീഴിലെ മൈക്രോ സംരഭകരുടെയും സംഘകൃഷി യൂണിറ്റുകളുടെയും ഉത്പ്പന്നങ്ങളാണ് വിപണനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. അച്ചാർ, വെളിച്ചെണ്ണ, തുണി സഞ്ചി, വിവിധയിനം പാക്കറ്റ് ഫുഡുകൾ, കപ്പയും ചമ്മന്തിയും, ശീതളപാനീയങ്ങൾ, ജൈവ പച്ചക്കറി, വിഷുകണി ഒരുക്കുന്നതിനുള്ള സാധനങ്ങൾ, പലതരം പായസങ്ങൾ എന്നിവ ഈ മേളയിലെ പ്രധാനയിനങ്ങളാണ്. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.നജാം, ഗിരിജടീച്ചർ, കൗൺസിലർ എം.താഹിർ, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, വൈസ് ചെയർപേഴ്സൺ ഷീജസുനിൽ, സൂപ്രണ്ട് ഷീബ, മെമ്പർ സെക്രട്ടറി സുമ, ജില്ലാ മിഷൻ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
