കാട്ടാക്കട: റേഷൻ വാങ്ങാനെത്തിയ യുവാവ് ഇപോസ് യന്ത്രം പ്രവർത്തിക്കാത്തതിന് റേഷന്‍കട ജീവനക്കാരിയെ മര്‍ദിച്ചു. പൂവച്ചൽ പരുത്തിപ്പള്ളി തേവൻകോട് എ.ആർ.ഡി 188 കടയിലെ ജീവനക്കാരി കുറ്റിച്ചൽ കല്ലറത്തോട്ടം ആർ.കെ നിവാസിൽ സുനിതക്കാണ് (35) മർദനമേറ്റത്.തേവൻകോട് സ്വദേശി ദീപുവിനെ നെയ്യാർഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയും ദീപു റേഷൻ വാങ്ങാൻ വന്നിരുന്നതായും അപ്പോഴും മെഷീന് തകരാര്‍ കാരണം റേഷന്‍ കിട്ടാതെ മടങ്ങിയതായും പറയുന്നു. വൈകീട്ട് വീണ്ടും വന്നപ്പോൾ സെർവർ തകരാർ കാരണം ഇപോസ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ റേഷൻ നൽകാൻ കഴിയില്ലെന്നും സുനിത പറഞ്ഞു.
