നേമം: വിളപ്പിൽ പഞ്ചായത്തിലെ കാരോട് വാർഡ് മെംബർ അനീഷിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. മെംബറുടെ അയൽവാസിയും ബന്ധുക്കളുമായ സുരേഷ് (31), ശ്രീകാന്ത് (23) എന്നിവരാണ് അറസ്റ്റിലായത്.ദിവസങ്ങൾ മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസികളായ പ്രതികൾ മദ്യപിച്ച് ബഹളം വെക്കുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം നടത്തിയത്. വാർഡ് മെംബറെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികളെ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.അതേസമയം സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ അനീഷിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ സുരേഷും ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
