വിഴിഞ്ഞം: തെന്നൂർക്കോണം ഞാറവിളയിൽ യുവതിയുടെ കഴുത്തിൽ നിന്നു 5 പവൻ സ്വർണമാല പൊട്ടിച്ചു കടന്ന കേസിൽ പിടിയിലായ 3 പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളായ വിഴിഞ്ഞം കരയടിവിള പിറവിളാകം വീട്ടിൽ കൊഞ്ചൽ എന്നു വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിത്തോട്ടം വീട്ടിൽ ഫെലിക്സൺ (25 ) എന്നിവരെ മണിക്കൂറുകൾക്കകം വിഴിഞ്ഞം പൊലീസ് വലയിലാക്കുകയായിരുന്നു. ഞാറവിള എസ്എസ് ഭവനിൽ എസ്.എസ്.ഷിജുവിന്റെ ഭാര്യ വി.രാഖിയുടെ(30) മാലയാണ് ചൊവ്വ ഉച്ചയോടെ കവർന്നത്. ജിതിൻ ആണ് മാല പൊട്ടിച്ചത്. കൂട്ടുപ്രതികളുമായി ഇയാൾ ആദ്യം ഹരിപ്പാട്ടും തുടർന്നു വർക്കലയിലും എത്തി. വർക്കലയിലെ റിസോർട്ടിൽ നിന്നാണ് ഇവരെ പിടിച്ചത്.സംഭവമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വേഗം പ്രതിയിലേക്ക് എത്തിച്ചത്. എസ്ഐ കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. പ്രതിയുടെ ഭാര്യ വീട് പോലും പൂട്ടാതെ അപ്രത്യക്ഷമായതു കണ്ടെത്തിയതോടെ വീടാകെ പരിശോധിച്ചു.വീട്ടിൽ നിന്ന് കിട്ടിയ തുണ്ട് പേപ്പറുകളിലെ നമ്പറുകളിൽ വിളിച്ചപ്പോഴാണ് പച്ച നിറത്തിലുള്ള ഓട്ടോയിൽ ഹരിപ്പാട്ട് വന്നുപോയത് അറിഞ്ഞത്. ഓട്ടോഡ്രൈവറുടെ നമ്പർ കണ്ടെത്തി, സൈബർ സെല്ലിന്റെ സഹായത്തോടെ വർക്കലയിലെ താവളം കണ്ടെത്തുകയായിരുന്നു.
