തിരുവനന്തപുരം:വെള്ളായണിയിൽ നിയന്ത്രണം വിട്ട കാറിനടിയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷിച്ചു. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജിയേയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. വെള്ളായണി ഊക്കോട് റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.മദ്യലഹരിയിലായിരുന്ന സിജി, റോഡിന് സമീപം കിടക്കുകയായിരുന്നു. വളവിൽ വച്ച് നിയന്ത്രണം വിട്ട കാർ യുവാവിന് മുകളിൽ പാഞ്ഞുകയറി.
ഇന്ന് പുലർച്ചെ 5.40നാണ് ഫയർ ഫോഴ്സിന്റെ തിരുവനന്തപുരം ചെങ്കൽചൂള നിലയത്തിന് വിവരം ലഭിച്ചത്. ഉടനെ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.യുവാവിന്റെ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽ പെട്ടുകിടക്കുകയായിരുന്നു. വളരെ ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു നടന്നത്. കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക വളരെ ദുഷ്കരം ആയിരുന്നു. ഏറെ പരിശ്രമത്തിനൊടുവിൽ വീൽ അഴിച്ചു മാറ്റിയാണ് യുവാവിനെ പുറത്തെടുത്തത്.
