തിരുവനന്തപുരം: ഉപയോഗശൂന്യമായ പാചക എണ്ണയിൽനിന്ന് നിർമിച്ച ബയോഡീസൽ ഉപയോഗിച്ച് കോളജ് ബസ് പ്രവർത്തിപ്പിച്ച് തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജ് (സി.ഇ.ടി). മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗവും കെ.എസ്.ഇ.ബിയും സംയുക്തമായി നടത്തുന്ന പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ പരീക്ഷണ വിജയം.കോളജ് ഹോസ്റ്റലിലെയും കാന്റീനിലെയും ഉപയോഗം കഴിഞ്ഞ പാചകഎണ്ണ ഉപയോഗിച്ചാണ് ബയോഡീസൽ നിർമിച്ച് ബസ് പ്രവർത്തിപ്പിച്ചത്. ബയോഡീസലിന് ഡീസലിന് സമാനമായ എൻജിൻ ക്ഷമതയുണ്ടെന്നും അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്ന കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ്, സൾഫർ സംയുക്തങ്ങൾ തുടങ്ങിയവയുടെ പുറന്തള്ളൽ ഡീസലിനെ അപേക്ഷിച്ച് വളരെ കുറവാണെന്നതും എൻജിൻ ടെസ്റ്റിലൂടെയും പുകപരിശോധന ഫലത്തിലൂടെയും സ്ഥിരീകരിച്ചു.
