കഴക്കൂട്ടം: കഞ്ചാവ് വിൽപന വിലക്കിയതിനെ തുടർന്ന് ഇരു വിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കേറ്റത്തിനിടയിൽ ഞാണ്ടൂർക്കോണം അംബേദ്കർ നഗറിൽ മൂന്നു യുവാക്കൾക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശിയരായ അഭിലാഷ്(35),രാജേഷ്(32),രാഹുൽ(31) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് കഴക്കൂട്ടം പൊലീസ്. ഇന്നലെ രാത്രി 8.30ന് അംബേദ്കർ നഗറിൽ വച്ചാണ് ആക്രമണം.വൈകിട്ട് കഞ്ചാവ് വിൽപനക്കാരായ രണ്ടു യുവാക്കൾ അംബേദ്കർ നഗർ കോളനിയിൽ സുഹൃത്തുക്കളായ ചിലരെ കാണാനെത്തി. കോളനിയിൽ കഞ്ചാവ് വിൽക്കരുതെന്ന് വെട്ടേറ്റവർ വിലക്കിയിരുന്നു. തുടർന്ന് വാക്കേറ്റം ഉണ്ടായി. രാത്രി 8.30തോടെ നാലംഗ സംഘം ആയുധങ്ങളുമായി എത്തി വീടിനു സമീപം നിന്ന രാജേഷിനെയും, അഭിലാഷിനെയും രാഹുലിനെയും വെട്ടുകയായിരുന്നു. കൈക്കും കഴുത്തിനു താഴെയും ആണ് പരുക്ക്. മൂവരെയും നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കഴക്കൂട്ടം പൊലീസ് എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു.
