കഴക്കൂട്ടം: ആക്കുളം എം.ജി.എം സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിനിടെ വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ബ്ലൂ മൗണ്ട് സ്കൂളിലെ ജീവനക്കാരായ അരുൺ, അൻസിൽ, സുബിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി. സെപ്റ്റംബർ 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ ആക്കുളം എം.ജി.എം സ്കൂളിലാണ് ട്രിവാൻഡ്രം സഹോദയ കലോത്സവം നടന്നത്. അവസാന ദിവസമായ ഒക്ടോബർ ഒന്നിന് വൈകീട്ട് ആറോടെയാണ് സംഭവം. ആദ്യ രണ്ട് ദിവസം തോന്നയ്ക്കൽ ബ്ലൂ മൗണ്ട് സ്കൂളാണ് മത്സരങ്ങളിൽ ലീഡ് ചെയ്തിരുന്നത്. അവസാന ദിവസം ഗ്രേഡ് പോയന്റിൽ തിരിമറി നടത്തിയത് ബ്ലൂ മൗണ്ട് സ്കൂൾ ചോദ്യം ചെയ്തിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ തുമ്പ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഘർഷത്തിനുശേഷം സ്കൂളിന്റെ ലോഗോ അനാവശ്യമായി ഉപയോഗിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ സൈബർ പൊലീസിലും പരാതി നൽകി. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സ്കൂൾ ചെയർമാൻ അഡ്വ. കെ. വിജയൻ അറിയിച്ചു.
