തിരുവനന്തപുരം: പനിയിൽ വിറച്ച് കിടക്കുമ്പോഴും ജനറൽ ആശുപത്രിക്കുള്ളിൽ മഴ നനയാതിരിക്കാൻ കുട പിടിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. കാലപ്പഴക്കത്താൽ ദ്രവിച്ച മേൽക്കൂരയുടെ ഓടുകൾക്കിടയിലൂടെയുള്ള ചോർച്ച രോഗികളെ വലയ്ക്കുകയാണ്. കൂട്ടിരിപ്പുകാർക്കും മഴ നനഞ്ഞ് പനിപിടിച്ചു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായി. പ്രതിദിനം 5000ഓളം രോഗികളാണ് ഇവിടെയെത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവ് താങ്ങാനാവാത്തവരാണ് ഭൂരിഭാഗവും.കഴിഞ്ഞദിവസത്തെ മഴയിൽ സർജറി വാർഡിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ അങ്ങോട്ടേക്ക് പോകാൻ ബുദ്ധിമുട്ടായി. കിടക്ക നനയാതിരിക്കാൻ പാത്രം വച്ച് വെള്ളം ശേഖരിച്ചവരുമുണ്ട്. പ്രായമായവർക്ക് ഉൾപ്പെടെ സ്വസ്ഥമായി ഭക്ഷണം കഴിക്കാനും കഴിയാതായി. പരിശോധനയ്ക്കും വെല്ലുവിളിയാകുന്നു. അറ്റകുറ്റപ്പണി നടത്തേണ്ട പൊതുമരാമത്ത് വകുപ്പിന്റെ മെല്ലെപ്പോക്കാണ് ദുരിതത്തിന് കാരണമെന്നാണ് ആക്ഷേപം. കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ സർക്കാർ കിഫ്ബിയിലൂടെ ഏജൻസിയെ ചുമതലപ്പെടുത്തിയെങ്കിലും മാസ്റ്റർ പ്ലാൻ അനങ്ങിയില്ലെന്നും പരാതിയുണ്ട്.
