നെടുമങ്ങാട്∙ അരുവിക്കരയിൽ വിശക്കുന്നവർക്ക് ഉച്ചയ്ക്ക് ഒരു നേരത്തെ ഭക്ഷണം ഒരുക്കി അരുവിക്കര ഗവ. എച്ച്എസ്എസിലെ വിദ്യാർഥികൾ. വിശപ്പ് രഹിത കേരളം പദ്ധതിയാണ് ഇവർക്ക് പ്രേരണയായത്. ഇക്കാര്യം സ്കൂൾ പിടിഎക്കു മുന്നിൽ അവർ അവതരിപ്പിക്കുകയായിരുന്നു. തുർന്ന് പിടിഎ രൂപരേഖ തയാറാക്കി. പദ്ധതിയുടെ കൺവീനർ ആയി സ്കൂൾ അധ്യാപകൻ രജികുമാറിനെ തിരഞ്ഞെടുത്തു. തുടർന്ന് ഓരോ ദിവസവും ഓരോ ക്ലാസിലെ കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ ഓരോ പൊതിച്ചോറു കൂടി കൊണ്ടു വന്നു തുടങ്ങി. ഇത് സ്കൂളിന് മുൻപിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കൗണ്ടറിൽ വയ്ക്കും. എല്ലാ ദിവസവും 10 മുതൽ 25 വരെ ഭക്ഷണ പൊതികളാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഉച്ചയോടെ ആവശ്യക്കാർ എത്തി പൊതികൾ എടുത്തുകൊണ്ടു പോകും. സ്ഥിരമായി പത്തിലേറെ ആളുകൾ പൊതിച്ചോറിനായി എത്തുന്നുണ്ട്. കുട്ടികൾ കൊണ്ടു വയ്ക്കുന്ന പൊതിച്ചോറ് തികയാതെ വരുമ്പോൾ ആവശ്യക്കാർക്ക് പ്രത്യേകം ഭക്ഷണം വാങ്ങി നൽകും. ഉച്ച ഭക്ഷണം തേടി സ്കൂളിൽ എത്തുന്ന ആരും നിരാശരായി മടങ്ങരുതെന്നാണ് സ്കൂളിന്റെ നയം. ജൂൺ അവസാന വാരമാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചത്. ജില്ലാ കലക്ടർ ആയിരുന്നു ഉദ്ഘാടകൻ.
എല്ലാ മാസത്തിലേയും അവസാനത്തെ വെള്ളിയാഴ്ച എൻഎസ്എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും നിർധനരായ കിടപ്പ് രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണ പൊതികൾ എത്തിക്കുന്നുണ്ട്. ഈ മാസം മുതൽ അരുവിക്കര വാർഡിലെ അതി ദരിദ്ര പട്ടികയിൽ ഉള്ള 3 പേർക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും എൻഎസ്എസ് വളന്റിയർമാർ ഭക്ഷണ പൊതികൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. കുട്ടികൾക്കും അധ്യാപകർക്കും വീടുകളിൽ പോകാൻ കഴിയാതെ വന്നാൽ പൊതിച്ചോറുകൾ എത്തിക്കുന്ന ചുമതല ചുമട്ടു തൊഴിലാളികളാണ് സന്തോഷത്തോടെ ഏറ്റെടുക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് വി.എസ്.സജീവ്കുമാർ അറിയിച്ചു. കഴിഞ്ഞ വർഷം മുതൽ സാന്ത്വനം പദ്ധതി എന്ന പേരിൽ കുട്ടികളിൽ നിന്നും പണം ശേഖരിച്ച് ഓരോ മാസവും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്ക് നൽകി വരുന്നു. കൂടാതെ സാന്ത്വനം പദ്ധതിയിൽ സ്കൂളിലെ വീട് ഇല്ലാത്ത 4 കുട്ടികൾക്ക് ഇതിനകം വീട് നിർമിച്ച് നൽകിയിതായു പിടിഎ പ്രസിഡന്റ്പറഞ്ഞു.
