മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പാറശ്ശാല നിയോജക മണ്ഡലത്തിന്റെ സജീകരണങ്ങളെല്ലാം പൂർത്തിയായതായി സി.കെ.ഹരീന്ദ്രൻ.എം.എൽ.എ. അറിയിച്ചു. വെളളിയാഴ്ച വൈകുന്നേരം 3 മണി മുതൽ നടക്കുന്ന സദസ്സിന് കാരക്കോണം സി.എസ്.ഐ മെഡിക്കൽകോളേജ് സ്റ്റേഡിയത്തിൽ എണ്ണായിരത്തോളം പേർക്കാണ് ഇരിപ്പിടം ഒരുക്കുന്നത്. വിവിധ പഞ്ചായത്തിൽ നിന്നും ഇരുപതിനായിരത്തോളം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
അനുബന്ധമായി പരിപാടി വീക്ഷിക്കുവാൻ വേണ്ട സജ്ജീകരണങ്ങൾ തയ്യാറാക്കി വരുന്നു. കൗണ്ടറുകൾ ഉച്ചയ്ക്ക് 2 മുതൽ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഉച്ചയ്ക്ക് 2 മുതൽ നിവേദനങ്ങൾ സമർപ്പിക്കാം. ഇതിനായി സ്റ്റേഡിയത്തിന് സമീപത്തായി 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. നിയോജക മണ്ഡലം നവകേരള സദസ്സിന്റെ കൺവീനറായ ഡെപ്യൂട്ടി കളക്ടർ ജക്കബ് സഞ്ജയ് ജോണിന്റെയും നെയ്യാറ്റിൻകര ഭൂരേഖ തഹസീൽദാർ ശ്രീകലയുടെയും നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടുളള പ്രവർത്തങ്ങൾ നടന്നുവരുന്നു.
വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ കൗണ്ടറിലെ പ്രവർത്തനങ്ങൾക്കായും പൊതുജനങ്ങളെ സഹായിക്കാനുമായി നിയോഗിച്ചിട്ടുണ്ട്. വീട്ടുമുറ്റ സദസ്സുകളിൽ നിന്നും പഞ്ചായത്ത് നിയോജക മണ്ഡല കൗണ്ടറുകൾ വഴിയും 19-ാം തീയതി വരെ ഏകദേശം 2100 പരാതികൾ ലഭിച്ചിട്ടുണ്ട്. 21ന് വൈകുന്നേരം 5 മണി വരെ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നിയോജക മണ്ഡല സംഘാടക സമിതി കൗണ്ടറിൽ നിവേദനങ്ങൾ സമർപ്പിക്കാം. സുരക്ഷയ്ക്കായി തിരുവന്തപുരം റൂറൽ എസ്.പിയുടെ മേൽ നോട്ടത്തിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
നവകേരള സദസ്സിന്റെ ഉത്ഘാടന വേദിയിൽ വൈകിട്ട് മൂന്ന് മുതൽ ചലച്ചിത്ര പിന്നണി ഗായകരായ ലക്ഷ്മി ജയൻ , അലൈന, ജോസ് സാഗർ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിളള, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ, മീഡിയ കമ്മറ്റി കൺവീനർ എ.സുന്ദർദാസ്, വൈസ് ചെയർമാൻ റോബിൻ പ്ലാവിള, വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
