January 15, 2026

ചിറയിൻകീഴ്: ശ്രീ നാരായണ ഗുരുദേവൻ പ്രതിഷ്ഠാ കർമം നിർവഹിച്ച കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നു ശിവഗിരിയിലേക്കു പുറപ്പെട്ട ശിവഗിരി തീർഥാടന മതമൈത്രി പദയാത്രക്കു പെരുങ്ങുഴി മുസ്ലീം ജമാഅത്ത് പള്ളിയങ്കണത്തിൽ നൽകിയ വരവേൽപ്പ് മാനവ സാഹോദര്യത്തിന്റെ പ്രതീകമായി. മതാതീതമായ മാനവികത മഹത് സന്ദേശങ്ങളിലൂടെ സമൂഹത്തിനിടയിൽ പകർന്നു നൽകിയ മഹാ ഗുരുവിന്റെ പുണ്യ ഭൂമിയിലേക്കുള്ള തീർഥയാത്രക്കു മതത്തിന്റെ അതിരുകൾ ഭേദിച്ചു സ്വീകരണമൊരുക്കാൻ ജമാഅത്ത് ഭാരവാഹികൾക്കൊപ്പം മുസ്ലിം സഹോദരങ്ങൾ അണിനിരന്നപ്പോൾ നാടൊന്നാകെ സാഹോദര്യത്തിന്റെ പുണ്യനിമിഷങ്ങളെ മനസാൽ ആശീർവദിച്ചു. ഗുരു വിഗ്രഹവും വഹിച്ചു കൊണ്ടുള്ള രഥം പള്ളി മുറ്റത്ത് എത്തിയപ്പോൾ ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ഹക്കീം., വൈസ് പ്രസിഡന്റ് അഷ്റഫ് എന്നിവർ ചേർന്നു പദയാത്ര ക്യാപ്ടൻ അനി അയ്യപ്പദാസ്, വൈസ് ക്യാപ്ടൻ മിനി ബാബു എന്നിവരെ പീത ഷാൾ അണിയിച്ചു സ്വീകരിച്ചു തുടർന്നു ജമാഅത്ത് ഭാരവാഹികളായ ഷാജഹാൻ, സുഹൈൽ, ഹസീം, ഷാഫി, ഹുസൈൻ, റാമി, സമീർ എന്നിവരടങ്ങുന്ന സംഘം പദയാത്രികരായെത്തിയ വിശ്വസികർക്കു ശീതളപാനീയങ്ങളും പഴവർഗങ്ങളും ലഘു ഭക്ഷണങ്ങളും നൽകി. നേരത്തെ പദയാത്രയെ ചിറയിൻകീഴ് എസ്എൻഡിപി യൂണിയനു വേണ്ടി യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭ വിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഇടഞ്ഞും മൂല എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി സാംബശിവൻ, നാലു മുക്ക് ഗുരുക്ഷേത്ര മണ്ഡപം പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ. പുഷ്കരൻ ,കെ.രഘുനാഥൻ, ശാഖാ ഭാരവാഹികളായ ഷിജോസ്, അജിത്ത്, സന്ധ്യവിജയ്, ശിവപ്രസാദ്, തുളസി, രാജൻ കൃഷ്ണപുരം എന്നിവർ ചേർന്നു നാലുമുക്ക് ജംക്ഷനിൽ നിന്നു പള്ളിയങ്കണത്തിലേക്കു ആനയിച്ചു. കുളത്തൂർ ക്ഷേത്ര സമാജം പ്രസിഡന്റ് മണപ്പുറം തുളസീധരൻ, സെക്രട്ടറി വിശ്വരാജൻ, പദയാത്ര കൺവീനർ പ്രവീൺ എന്നിവരേയും ജമാഅത്ത് ഭാരവാഹികൾ അനുമോദിച്ചു. പള്ളിയങ്കണത്തിലെ മതാതീത സാഹോദര്യ സംഗമത്തിനു പള്ളിയങ്കണത്തിൽ നൂറുക്കണക്കിനു നാട്ടുകാർ ദൃക്സാക്ഷികളായി ഒത്തുകൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *