തിരുവനന്തപുരം :
അഞ്ചുതെങ്ങിൽ വൻ തീപിടിത്തം. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കുന്നുംപുറത്ത് വീട്ടിൽ പത്രോസ് (58), ജിജോ (21) എന്നിവർക്കാണ് പരിക്കേറ്റത്. വീടിന് ഭാഗികമായി കേടുപാടുകളുണ്ടായി. ഗേറ്റിന് മുൻവശത്തായി പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും ഒരു ഇരുചക്രവാഹനം ഭാഗികമായും കത്തിനശിച്ചു. ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾക്കും കേടുപാടുകളുണ്ടായി.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് സംഭവം. വീട്ടിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന ഓയിൽ ക്യാനിലേക്ക് തീപടർന്നതാണ് വലിയ തീപിടിത്തത്തിനിടയാക്കിയത്. തീപടരുന്നത് നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുടമസ്ഥനായ പത്രോസിനും മകൻ ജിജോക്കും പരിക്കേറ്റത്. വീട്ടുടമസ്ഥന്റെയും മകൻ്റെയും ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്.
വീട് കേന്ദ്രീകരിച്ച് മണ്ണെണ്ണയും ഓയിലും ഗ്യാസ് സിലിണ്ടറുകളും അനധികൃത വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്നു. വീടിനു സമീപത്തുള്ള ഗോഡൗണിൽ തീപടരാത്തത് വൻ ദുരന്തം ഒഴിവാക്കി. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വർക്കല , ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നും മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
