തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ കണക്കനുസരിച്ച് ഒരു സിറ്റി സർക്കുലർ ഇലക്ട്രിക് ബസിൽ നിന്നു മാസം കിട്ടുന്ന ലാഭം 25,000 രൂപയാണ്. 113 ബസുകളാണു തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്നത്. ഡീസൽ ബസ് ഉപയോഗിച്ച് സിറ്റി സർക്കുലർ സർവീസ് നടത്തിയപ്പോൾ വൻ നഷ്ടമായിരുന്നു. അന്നു ദിവസം 3,000 യാത്രക്കാരായിരുന്നത് ഇലക്ട്രിക് ബസ് വന്നതോടെ 80,000 യാത്രക്കാരായി. നിരക്ക് 10 രൂപയാക്കി കുറച്ചതും ഗുണം ചെയ്തു. ഡീസൽ ബസ് ഒരു കിലോമീറ്റർ ഓടിക്കാൻ 25 രൂപയാണു ചെലവെങ്കിൽ ഇലക്ട്രിക് ബസിന് 4 രൂപയേ ചെലവാകൂ. ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇലക്ട്രിക് ബസുകളുടെ ചെലവും വരുമാനവും സംബന്ധിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. നിരക്കു കുറച്ച് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നതിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധത്തിലാണ്.
