തിരുവനന്തപുരം∙ പൂവച്ചൽ കുറകോണത്ത് കണ്ടത് പുലിയോ കാട്ടുപൂച്ചയോ എന്നതിൽ തർക്കവും ആശയക്കുഴപ്പവും മുറുകുന്നു. കാട്ടുപൂച്ചയെയായിരിക്കും നാട്ടുകാരൻ കണ്ടതെന്ന് വനം വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. കണ്ടത് പുലിയെ തന്നെയെന്ന് നാട്ടുകാരനും ഏകദൃക്സാക്ഷിയുമായ ശിവകുമാർ. കണ്ടത് പുലി അല്ലെന്ന സാധ്യത തള്ളിക്കളയരുതെന്ന് തിരുവനന്തപുരം ഡിഎഫ്ഒ കെ.ഐ.പ്രദീപ്കുമാർ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴും പുലിപ്പേടിയുടെ ഭീതിയിലാണ് സ്ഥലവാസികൾ. കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് വാർഡിലെ കുറക്കോണം ആലനടയിൽ ബുധൻ രാവിലെ എട്ടരയോടെയാണ് പുലിയെ കണ്ടതെന്നാണ് ശിവകുമാർ പറഞ്ഞത്.
നെയ്യാറ്റിൻകര തിരുപുറം സ്വദേശിയായ ശിവകുമാർ (രാഘവൻപിള്ള) സഹോദരിയുടെ മകളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ തേങ്ങ വെട്ടാനെത്തിയപ്പോഴാണ് ഷീറ്റു കൊണ്ടുള്ള മതിലിനോടു ചേർന്ന് പുലി നിൽക്കുന്നതായി കണ്ടത്. 20 മീറ്റർ അകലെ വച്ചാണ് പുലിയെ കണ്ടതെന്നും തന്നെ കണ്ടതോടെ പുലി നിലത്തു കിടന്നുവെന്നും ശിവകുമാർ പറയുന്നു. പുലിയെ കണ്ട് ഭയന്ന ശിവകുമാർ മുന്നോട്ടു നടക്കാതെ പിന്നിലേക്ക് നടന്ന് രക്ഷപ്പെട്ടു. പുലിയെ കണ്ട വിവരം തൊട്ടടുത്ത് ജോലിയിൽ ഏർപ്പെട്ടിരുന്നു നാൽപ്പതോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികളെ അറിയിച്ചു
