കാട്ടാക്കട: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ചീറിപ്പായുന്ന വാഹനങ്ങൾ, പരമാവധി ലോഡുകള്‍ കയറ്റാനായി മരണപ്പാച്ചില്‍ നടത്തുന്ന ലോറികള്‍, സമൂഹമാധ്യമങ്ങളിൽ റീല്സിടാനായി ആഡംബര ബൈക്കുകളില്‍ ശരവേഗത്തില്‍ പായുന്നവർ, കുറ്റിച്ചല്‍, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലൂടെ സാധാരണക്കാര്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതി. കഴിഞ്ഞ മൂന്ന്മാസത്തിനിടെ കള്ളിക്കാട്- ആര്യനാട് റോഡില്‍ വാഹനാപകടത്തില്‍ ആറ് പേരുടെ ജീവനാണ് നഷ്ടമായത്.
വ്യാഴാഴ്ച വൈകീട്ട് കുറ്റിച്ചല്‍ ജങ്ഷനിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി റോഡിലിറങ്ങിയ രണ്ടുപേരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിച്ചല്‍ കുഴിയംകോണം സ്വദേശി ഷാജഹാന് ഇന്നലെ മരണത്തിന് കീഴടങ്ങി. ഒരാഴ്ച മുമ്പാണ് കഞ്ചാവുമായി അമിതവേഗത്തില്‍ പാഞ്ഞ ബൈക്ക് എതിരെ വന്ന സ്കൂട്ടറിലിടിച്ച് ലോഡിങ് തൊഴിലാളി കുറ്റിച്ചൽ മൈലമൂട് വീട്ടില്‍ രാജു മരിച്ചത്.
