പൊഴിയൂർ : ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ട ബീച്ചുകളിൽ പ്രഥമ സ്ഥാനത്തുള്ള പരുത്തിയൂർ പൊഴിക്കര ഏതു നിമിഷവും കടൽ എടുക്കുമെന്ന സ്ഥിതിയിലാണ്. തിരയടി ശക്തമായ പ്രദേശത്ത് ഒരാഴ്ചകൊണ്ടു മാത്രം അഞ്ച് മീറ്റർ ദൂരം തീരം കടലെടുത്തു. ഒന്നരക്കോടി ചെലവിട്ട് പത്ത് വർഷത്തിനുള്ളിൽ നിർമിച്ച രണ്ട് ഫിഷ് ലാൻഡിങ് സെന്ററുകൾ അസ്ഥി വാരം തകർന്ന് ഏതു നിമിഷവും നിലം പൊത്താമെന്ന മട്ടിലാണ്.
കഴിഞ്ഞ ദിവസം തിര തീരദേശ റോഡു വരെ എത്തിയതോടെ കടലും നെയ്യാറും തമ്മിലുള്ള ദൂരം 15 മീറ്ററായി ചുരുങ്ങി. ഇതു തുടർന്നാൽ പഞ്ചനക്ഷത്ര റിസോർട്ടുകൾ അടക്കം പ്രവർത്തിക്കുന്ന ഇവിടെ ഗുരുതര പ്രതിസന്ധിയുണ്ടാകും. അതിർത്തിയിൽ തമിഴ്നാട് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് തെക്കേ കൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെ കേരള പരിധിയിൽ തിരയടി ശക്തമായത്. കടൽഭിത്തി, പുലിമുട്ട് എന്നിവ സ്ഥാപിക്കണമെന്ന ആവശ്യത്തിനു നാലു വർഷത്തോളം പഴക്കമുണ്ട്.
