വിതുര : വിതുര കലുങ്ക് ജംക്ഷൻ കേന്ദ്രീകരിച്ചു അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കൾ വളരെ കൂടുതലാണ്. കൂട്ടമായി പകൽ സമയത്തു പോലും ജംക്ഷൻ കയ്യടുക്കുന്ന അവസ്ഥ. ചില സമയത്തു ഇരുചക്ര വാഹനങ്ങൾക്കു നേരെ കുരച്ചു ചാടൽ. ഇടയ്ക്കു പരസ്പരം കടി കൂടൽ. രണ്ടോ അതിലധികമോ നായ്ക്കൾ റോഡിൽ പരസ്പരം കടി കൂടുന്നതും ലക്ഷ്യ ബോധമില്ലാതെ ഓടുന്നതും ബുദ്ധിമുട്ട് തന്നെയാണ്. വിതുര കലുങ്ക് ജംക്ഷനെ സംബന്ധിച്ച് രാവിലെയും വൈകിട്ടും വളരെ നിർണായകമാണ്.
രാവിലെ 7 മുതൽ 9 വരെ വിവിധ സ്കൂളുകളിലേക്കു പോകുന്ന കുട്ടികളുടെ തിരക്കാണ്. ഈ സമയം നായ്ക്കൂട്ടവും അലക്ഷ്യമായി ഇതുവഴി നടക്കുന്നു. ചിലപ്പോൾ കുരച്ചു കൊണ്ട് കുട്ടികളെ പേടിപ്പിക്കുകയും ചെയ്യും. വൈകിട്ട് സ്കൂൾ വിട്ട് വീടുകളിലേക്കും പോകാനായി ബസ് കയറാൻ എത്തുമ്പോഴും ഇതേ അവസ്ഥായാണെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും കുട്ടികൾ വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തും വരെ വല്ലാത്ത ആശങ്ക ആണെന്നു പല രക്ഷിതാക്കളും പറയുന്നു. നായ്ക്കൾ ഏതു സമയവും ആരെയും ആക്രമിക്കാം. എന്നിട്ടും നൂറു കണക്കിനു കുട്ടികൾ ദിവസേന സഞ്ചരിക്കുന്ന പാതയിൽ നിന്നും തെരുവ് നായ്ക്കളെ ഒഴിവാക്കുന്ന തരത്തിലുള്ള നടപടി ഉണ്ടാകുന്നില്ല എന്നതാണു നിരാശാജനകം. പറണ്ടോട്– മലയടി റൂട്ടിലും കാലൻകാവ്– നാഗര റൂട്ടിലും മാലിന്യം തള്ളൽ തകൃതിയായി നടക്കുന്നതിനാൽ തെരുവ് നായ്ക്കൾ പെരുകുന്നതു വൻ ഭീഷണിയായിരിക്കുകയാണ്.
റോഡിലൂടെയുള്ള ഇവയുടെ അലക്ഷ്യമായ നടത്തം ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കു വിനയാകുന്നു. സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ നായ്ക്കൂട്ടം നടത്തുന്ന സ്വൈര വിഹാരത്തിനു അടിയന്തരമായി അറുതി വരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
