നേമം : ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് മരിച്ച ഷമീറ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചത് ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ. 3 സിസേറിയൻ കഴിഞ്ഞതിനാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടത് ആവശ്യമാണെന്നു കാട്ടി ബോധവൽക്കരണം നടത്തിയതിനെത്തുടർന്ന് ഷമീറ അതിനു തയാറായിരുന്നെന്ന് ആർസിഎച്ച് ഓഫിസർ ഡോ.കൃഷ്ണവേണി പറഞ്ഞു.
എന്നാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയമാണെന്നും തങ്ങളുടെ കാര്യത്തിൽ ദയവു ചെയ്ത് ഇടപെടരുതെന്നും പിന്നീട് വിളിച്ചറിയിച്ചു. ഒരു മാസത്തിലേറെയായി ആരോഗ്യപ്രവർത്തകരും പൊലീസും ഉൾപ്പെടെ ഇക്കാര്യം അവതരിപ്പിക്കാനായി ഇവരുടെ വീട്ടിൽ പലതവണ എത്തിയെങ്കിലും നയാസ് പറഞ്ഞയച്ചു. നയാസിൽ ഇവർക്ക് നേരത്തെ 2 മക്കളുണ്ട്. ആദ്യ പ്രസവം ഷമീറയുടെ നാടായ പാലക്കാടും രണ്ടാം പ്രസവം ഇവർ മുൻപ് താമസിച്ചിരുന്ന നെടുമങ്ങാടും ആയിരുന്നു. രണ്ടാമത്തെ പ്രസവത്തിലും ഇതുപോലുള്ള ശ്രമം നടത്തിയിരുന്നുവെന്നു പൊലീസ് സംശയിക്കുന്നു.
