ചിറയിൻകീഴ് : ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 19 ന് നടക്കും.സി.പി.എമ്മിലെ തർക്കങ്ങളെ തുടർന്ന് പ്രസിഡൻ്റായിരുന്ന പി മുരളി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഈകഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ൽ 12 വാർഡ് നേടിയാണ് എൽ.ഡി.എഫ് അധികാരത്തിലേറിയത്. യു.ഡി.എഫ് അഞ്ചും ബി.ജെ.പി രണ്ടും സീറ്റുകളിലും വിജയിച്ചു.
അഞ്ചാം തവണയും പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ എമ്മിലെ മുതിർന്ന നേതാവ് എം.അബ്ദുൽ വാഹിദിനെയാണ് പ്രസിഡൻ്റായി എൽ.ഡി.എഫ് പരിഗണിക്കുന്നതെന്നാണ് സൂചന. പഞ്ചായത്തിലെ 11-ാം വാർഡ് അംഗമായ വാഹിദ് തീരദേശത്ത് നിന്നുള്ള മുതിർന്ന നേതാവാണ്. ദിവസങ്ങൾക്ക് മുമ്പേ മറ്റു പേരുകൾ ഉയർന്നുവന്നിരുന്നെങ്കിലും എം അബ്ദുൽ വാഹിദിനായുള്ള ശക്തമായ സമ്മർദ്ദമാണ് തീരദേശത്തെ പാർട്ടി പ്രവർത്തകരിൽ നിന്നുയർന്നത് .
ഗ്രാമപഞ്ചായത്ത് രൂപീകരണ കാലം മുതൽ എൽ ഡി എഫിനൊപ്പമാണ് ഭരണസമിതി. 19 അംഗ സമിതിയിൽ സി.പി.എം 11 , സി.പി.ഐ 01, കോൺഗ്രസ് 05, ബി.ജെ.പി 02 അംഗങ്ങളാണുള്ളത്.യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.തെരഞ്ഞെടുപ്പിൽ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസർ വരണാധികാരിയായിരിക്കും
