തിരുവനന്തപുരം: നഗര പരിധിയിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യം വിവിധ പഞ്ചായത്തുകളിലെ പന്നി ഫാമുകളിലേക്ക് കൊണ്ടുപോകാൻ കോർപറേഷൻ അനുമതി. ഇതിൽ പല ഫാമുകളും അംഗീകാരം പോലുമില്ലാത്തതാണ്. നഗരം വൃത്തിയായി സൂക്ഷിക്കാൻ മാലിന്യം പഞ്ചായത്തുകളിലേക്ക് കൊണ്ടുപോകുന്നതിന് എതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്.
കാട്ടാക്കട, പൂവച്ചൽ, വെള്ളറട പഞ്ചായത്തുകളിലെ ചില ഫാമുകൾക്ക് മാലിന്യം കൊണ്ടുപോകാൻ അനുവാദം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപ പത്രമോ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതെന്നാണ് ആരോപണം. 3 പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ആര്യങ്കോട് ശുദ്ധ ജല പദ്ധതി പ്രദേശത്ത് മാലിന്യം തള്ളുന്നതായി ജല അതോറിറ്റി പരാതിപ്പെട്ട ഏജൻസിക്കും മാലിന്യം ശേഖരിക്കാൻ അനുമതി കൊടുത്തിട്ടുണ്ട്.
