January 15, 2026

കഴക്കൂട്ടം : കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്മെന്റിനു സമീപത്തെ ഉപയോഗിക്കാത്ത പഴയ വാട്ടർ ടാങ്കിൽ ഒരു വർഷത്തിലേറെ പഴക്കം തോന്നിപ്പിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ടാങ്കും പരിസരവും പൊലീസ് സീൽ ചെയ്തു. അസ്ഥികൂടം ഇന്നു പുറത്തെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. പുതിയ വാട്ടർ ടാങ്ക് വന്നതോടെ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ടാങ്കിന് 20 അടിയോളം താഴ്ചയുണ്ട്.

ഈ ടാങ്കിന്റെ മുകളിൽ ഒരാൾക്ക് ഇറങ്ങാവുന്ന ആൾനൂഴി ഉണ്ട്. ആൾനൂഴിയിൽ നിന്ന് ടാങ്കിനുള്ളിലേക്ക് ഇറങ്ങാനുള്ള ഇരുമ്പു കോണിപ്പടിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടത്. കഴുത്തിൽ കുരുക്കിട്ടതാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള കുരുക്ക് കയറിന്റെ തുമ്പിലുണ്ട്.

ഇന്നലെ ഉച്ചയോടെ പമ്പ് ഓപ്പറേറ്റർ ഈ ഭാഗം പരിശോധിക്കുമ്പോൾ പഴയ ടാങ്കിന്റെ മുകളിലായി കുടയുടെ ജീർണിച്ച ഭാഗം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ടാങ്കിനുള്ളിൽ ടോർച്ച് തെളിച്ചു നോക്കിയപ്പോഴാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതു കണ്ടത്. തുടർന്ന് സർവകലാശാല ജോ. റജിസ്ട്രാർ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു.

പൊലീസിന്റെ പ്രാഥമിക പരിശോധനയിലാണ് അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കം വരുമെന്ന നിഗമനത്തിൽ എത്തിയത്. ടാങ്കിനുള്ളിൽ ഇറങ്ങി ആത്മഹത്യ ചെയ്തതാണെങ്കിൽ, കോണി വഴി ഇറങ്ങാവുന്ന ആൾനൂഴി ഉണ്ടെന്ന് അറിയാവുന്ന ആളായിരിക്കണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കാണാതായവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അസ്ഥികൂടം, രണ്ടാംതവണ
കഴക്കൂട്ടം ∙ കാര്യവട്ടം ക്യാംപസിൽ നിന്ന് അസ്ഥികൂടം ലഭിക്കുന്നത് ഇതു രണ്ടാംതവണ. പത്ത് വർഷം മുൻപ് കുറ്റിക്കാട്ടിൽ 2 മരങ്ങൾക്കിടയിൽ കെട്ടിയ മുണ്ടിനുള്ളിൽ പുരുഷന്റെ ഒരു വർഷത്തിലേറെ പഴക്കം വരുന്ന അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഒരു യാചകന്റെ മൃതദേഹമാകാം എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *