ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ചാപ്റ്റർ, 2024 ഫെബ്രുവരി 27 -ാം തീയതി ലോക സ്പേ ദിനമായി ആചരിക്കുന്നു. സ്പേ ദിനം, അഥവാ വന്ധ്യംകരണ ദിനം- ഓമനമൃഗങ്ങളുടെ ജീവിതത്തിൽ വന്ധ്യംകരണത്തിനുള്ള പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്ന ദിവസം. എല്ലാ വർഷവും ഫെബ്രുവരിയിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. വന്ധ്യംകരണത്തിലൂടെ വളർത്തുമൃഗങ്ങളുടെ പല ആരോഗ്യപ്രശ്നങ്ങളും നിയന്ത്രണ വിധേയമാക്കാനും അവയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ദിനംപ്രതി വർദ്ധിച്ചു വരുന്ന തെരുവു മൃഗങ്ങളുടെ എണ്ണം പലവിധത്തിൽ മനുഷ്യജീവനു തന്നെ ഭീഷണിയാകുന്ന ഈ സാഹചര്യത്തിൽ, വന്ധ്യംകരണത്തിന്റെ ആവശ്യകത സഗൗരവം ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.
IVA തിരുവനന്തപുരം യൂണിറ്റ് സ്പേ ദിനാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 നുള്ള സ്പേദിന ആഘോഷത്തിന്റെ പ്രധാന ആകർഷണം അന്നേ ദിവസം വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്ന “’നമ്മുടെ അരുമ മൃഗത്തോടൊപ്പം ഒരു രാത്രി”’ എന്ന പെറ്റ്ഷോ ആണ്. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമായ വളർത്തുമൃഗങ്ങളുടെ പ്രദർശനം ആണ് ഈ പരിപാടിയുടെ മുഖ്യ ഇനം. പ്രശസ്ത സിനിമാതാരം മഞ്ജു പിള്ള ഉദ്ഘാടനം ചെയ്യുന്ന ഈ ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ നാസർ, വാർഡ് കൗൺസിലർ പാളയം രാജനും വാർഡ് കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാറും കേരള സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് മെമ്പർ മറിയ ജേക്കബും പങ്കെടുക്കുന്നു. ഫെബ്രുവരി 28 നു, ചിറയിൻകീഴ് കൊല്ലമ്പുഴയിലെ Loyal Companian Pets’ Clinic -ൽ വെച്ച് വളർത്തുമൃഗങ്ങളുടെ വന്ധ്യംകരണവും, പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സും , വെറ്ററിനറി ഡോക്ടർമാർക്ക് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കുള്ള പരിശീലനവും നൽകുന്നു. കൂടാതെ, ഫെബ്രുവരി 29 ന് ശാർക്കര UP സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.
