തിരുവനന്തപുരം : കളക്ടർ ഉൾപ്പെടെയുള്ള ജില്ലാ ഭരണാധികാരികൾ സദാ സഞ്ചരിക്കുന്ന സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിലും കുടപ്പനക്കുന്ന് എംഎൽഎ റോഡിലും മരങ്ങളുടെ കൂട്ടക്കുരുതി. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ മുറിക്കാനുള്ള നിർദേശത്തിന്റെ മറവിലാണ് ഇരുപതോളം മരങ്ങൾ മുറിച്ചു തള്ളിയത്. നട്ട് അധിക വർഷങ്ങൾ പഴക്കമില്ലാത്തവയാണിവ. അപകടാവസ്ഥയിൽ ഉള്ളതുൾപ്പെടെ നഗരത്തിൽ ഏതു മരം മുറിക്കുന്നതിനും അനുവാദം നൽകുന്നതിന് മേയർ അധ്യക്ഷയായി ട്രീ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് മരങ്ങൾ മുറിച്ചത്.അവധി ദിവസമായ രണ്ടാം ശനിയാഴ്ചയാണ് മരങ്ങൾ മുറിക്കാൻ ആരംഭിച്ചത്.
ഇതിനിടെ വൃക്ഷ സ്നേഹികൾ പല തവണ കളക്ടറേയും മറ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചും മരങ്ങൾ മുറിക്കുന്നത് തുടർന്നു. മുറിച്ച മരങ്ങൾക്കു പകരം തൈകൾ നടണമെന്നാവശ്യപ്പെട്ട് കുടപ്പനക്കുന്ന് എംഎൽഎ റോഡ് റസിഡന്റ്സ് അസോസിയേഷനും ട്രീ കമ്മിറ്റി അംഗം ആർ. അജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കളക്ടർ ജെറോമിക് ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
അനിയന്ത്രിതമായി മരങ്ങൾ മുറിച്ചു മാറ്റുന്നതു തടയാൻ ഹൈക്കോടതി നിർദേശ പ്രകാരമാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ ചെയർമാനായി ട്രീ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. മേയറുടെ അസാന്നിധ്യത്തിൽ ഡപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ഡിസംബറിൽ യോഗം കൂടിയിരുന്നെങ്കിലും മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് ചർച്ചയൊന്നും നടന്നില്ല. ട്രീ കമ്മിറ്റിയെ നോക്കു കുത്തിയാക്കിയാണ് നഗരത്തിൽ ഇപ്പോൾ അനധികൃത മരംമുറി നടക്കുന്നതെന്നാണ് ആരോപണം.
